Dr. Prasanth Parameswaran
Senior Consultant - Medical Oncology
MVR Cancer Centre, Calicut
സ്തനാർബുദം നേരത്തെ കണ്ടുപിടിച്ചാലുള്ള ഗുണങ്ങൾ

വർദ്ധിച്ചുവരുന്ന സ്തനാർബുദത്തിനെ കുറിച്ചുള്ള ബോധവത്കരണം എല്ലാ ആളുകളിലും എത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ് .

സ്ത്രീകളിൽ ഇന്ന് ഏറ്റവും  കൂടുതലായി കാണപ്പെടുന്ന ഒരു അർബുദമായി മാറിയിട്ടുണ്ട് ബ്രസ്റ്റ് കാൻസർ. ഭൂരിഭാഗവും ഒരു 40 വയസ്സ്മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകളിൽ ആണ് ഇത് കാണപ്പെടുന്നത്. പുതിയ കണക്കനുസരിച്ചു 8 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദ സാധ്യത കണക്കാക്കപ്പെടുന്നു . ഓരോ വർഷവും ഒരു ലക്ഷം സ്ത്രീകളിൽ 35 പേർക്ക് പുതുതായി ഈ രോഗം നിർണയിക്കപ്പെടുന്നു . ഇന്ന് സ്തനാർബുദം വളരെ അധികം വർദ്ധിക്കുന്നുണ്ടെങ്കിലും നേരത്തെ കണ്ടെത്തുന്നത്കൊണ്ടും നൂതന ചികിത്സാ രീതി  അവലംബിക്കുന്നത്കൊണ്ട് മരണ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു . ആധുനിക ചികിത്സാ സംവിധാനങ്ങളുടെ സഹായത്താൽ സ്തനാർബുദം ബാധിച്ചവരിൽ മിക്കവർക്കും സാധാരണ ജീവിതം സാധ്യമാകുന്നു .

എന്തൊക്കെയാണ് സ്തനാർബുദത്തിന്റെ സാധ്യതകൾ ?

> ICMR ഇന്റെ കണക്കു പ്രകാരം 30 വയസ്സിനു താഴെയുള്ള സ്ത്രീകളിൽ 3% സാധ്യത
   ആണെങ്കിൽ, 60 വയസ്സിനു മുകളിൽ അത് 35% മുതൽ 40% വരെയാണ്.
> സ്ത്രീകളിൽ അണ്ഡാശയം ഉൽപാദിക്കുന്ന പ്രധാനമായ ഈസ്ട്രോജൻ
   പ്രോജെസ്റ്റിറോൺ എന്ന ഹോർമോണുകളുടെ അളവ് സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു.
> നേരത്തെയുള്ള ആർത്തവാരംഭം (12 വയസ്സിനു മുൻപേ), അതേപോലെ വൈകിയുള്ള
  ആർത്തവ വിരാമം (55 വയസ്സിനു ശേഷം), സ്ത്രൈണ ഹോർമോണുകളുടെ കൂടിയ
  അളവിലുള്ള രക്തസാന്നിദ്ധ്യം ദീർഘകാലത്തേക്കായുള്ള അവസ്ഥ ഉണ്ടാകുന്നു.
> ഭൂരിഭാഗം ബ്രസ്റ്റ് കാൻസറും പാരമ്പര്യമല്ല എന്നിരുന്നാലും ചിലരിൽ  അമ്മയ്ക്കോ സഹോദരിമാർക്കോ
  സ്തനാർബുദമുണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത 2 മടങ്ങാണ്. ഇതിൽ തന്നെ
  രണ്ടിലധികം പേർക്കുണ്ടെങ്കിൽ സ്തനാർബുദം വരാനുള്ള സാധ്യത 5 മടങ്ങാണ്.
> BRCA ജീനിൽ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങൾ പാരമ്പര്യമായി സ്തനാർബുദത്തിനു 
   കാരണമാകുന്നു .
> കൊഴുപ്പ്കൂടിയ ഭക്ഷണം, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, ശാരീരിക വ്യായാമം ഇല്ലായ്മ, അമിതവണ്ണം, അമിത മദ്യപാനം, മാനസിക സമ്മർദ്ദം, എന്നിവ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു .

എന്തൊക്കെയാണ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നത് ? 

മുപ്പതു വയസ്സിനു മുൻപ് ആദ്യപ്രസവം നടക്കുന്നതും , കൂടുതൽ കുട്ടികളുണ്ടാവുന്നതും
സ്തനാർബുദ സാധ്യത കുറയ്ക്കുന്നു . മുലയൂട്ടൽ ദൈർഘ്യം  കൂടുംതോറും രോഗ സാധ്യത
കുറയുന്നു എന്ന് പഠനങ്ങളിൽ കാണുന്നു .

എന്തൊക്കെയാണ് സ്തനാർബുദത്തിന്റെ രോഗ ലക്ഷണങ്ങൾ ? 

. സ്തനങ്ങളുടെ വലിപ്പം, ആകൃതി, ഘടന എന്നിവയിലെ വ്യതിയാനങ്ങൾ.
. സ്തനത്തിലോ, കക്ഷത്തിലോ, കാണുന്ന തടിപ്പ്, അല്ലെങ്കിൽ മുഴ.
. തൊലിപ്പുറമെയുള്ള ചുവപ്പ്, തടിപ്പ്, വീക്കം, വ്രണങ്ങൾ.
. മുലക്കണ്ണിൽ നിന്നും രക്തമോ, സ്രവമോ വരിക, അല്ലെങ്കിൽ ചൊറിച്ചിലോ, രക്തസ്രാവമോ കാണപ്പെടുക. 
. സ്തനത്തിലോ, കക്ഷത്തിലോ, വേദനയോ, അസ്വസ്ഥയോ ഉണ്ടാവുക.

നിർഭാഗ്യവശാൽ ഇപ്പോഴും നമ്മുടെ നാട്ടിൽ ഭൂരിഭാഗം ബ്രെസ്റ്റ് കാൻസറും ഉയർന്ന സ്റ്റേജിൽ ആണ് കണ്ടു പിടിക്കപ്പെടുന്നത്. പക്ഷെ കൃത്യമായിട്ടും ഓരോ സ്ത്രീയും സ്വയം സ്തന പരിശോധന നടത്തി, സ്ക്രീനിംഗ് മാമ്മോഗ്രാം എന്നിവ പോലുള്ള ബാക്കിയുള്ള ടെസ്റ്റിലൂടെ കടന്നുപോവുകയും ചെയ്താൽ വളരെ അധികം നേരത്തെ സ്റ്റേജിൽ കണ്ടുപിടിക്കാവുന്നതും ,കണ്ടുപിടിച്ചാൽ ഭൂരിഭാഗവും ഗുണപ്പെടുത്താവുന്ന ഒരു കാൻസറുമാണ് ബ്രെസ്റ്റ് കാൻസർ .

ബ്രെസ്റ്റ് കാൻസർ കണ്ടു പിടിച്ചാൽ എല്ലാ രോഗികളും ഒരു ബയോപ്സി അഥവാ കുത്തി
പരിശോധന എന്ന് പറഞ്ഞ ടെസ്റ്റിലൂടെ കടന്നു പോകുകയും ചെയ്യുന്നതാണ്. OP വഴി വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു ടെസ്റ്റാണിത്. അതിൽ നിന്നാണ് അസുഖം സ്ഥിതീകരിക്കുക. സ്ഥിതീകരിച്ചതിന് ശേഷം ഏതു
സ്റ്റേജ് ആണ് എന്ന് കണ്ടു  പിടിക്കാനുള്ള ചില സ്കാനുകൾ (മാമ്മോഗ്രാം , CT സ്കാൻ, ultrasound)വേണ്ടി വന്നേക്കാം.തുടക്കത്തിൽ ഉള്ള സ്റ്റേജ് ആണെങ്കിൽ സർജറി, കീമോതെറാപ്പി, റേഡിയേഷൻ എന്നുള്ളതാണ് ഭൂരിഭാഗം ബ്രെസ്റ്റ്കാൻസറിന്റെയും ചികിത്സ.

കീമോതെറാപ്പി എന്ന് വച്ചാൽ ഇൻജെക്ഷൻ രൂപത്തിലോ, അല്ലെങ്കിൽ ഗുളിക രൂപത്തിലോ ബ്രെസ്റ്റ് കാൻസർ ചികിൽസിക്കുന്നതിന് പറയുന്ന പേരാണ്. കീമോതെറാപ്പി വന്നതിന് ശേഷം ബ്രെസ്റ്റ് കാൻസറിന്റെ ഗുണപ്പെടുന്നതിന്റെ അളവ് വളരെ അധികം ഉയർന്നു നിൽക്കുന്നു .ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാതെ, വരുന്ന ദിവസം തന്നെ ചെയ്തു പോകാവുന്ന ഒരു ചികിത്സയാണിത്. രോഗികൾക്ക്  വേദന പോലും ഉണ്ടാവാറില്ല. മുടി കൊഴിച്ചിൽ എന്നുള്ളത് ഇപ്പോഴും ഭൂരിഭാഗം പേർക്കും ഉണ്ടാവുന്നുണ്ടെങ്കിലും അതെല്ലാം താൽക്കാലികം മാത്രവും ,ചികിത്സ കഴിഞ്ഞാൽ മുഴുവനായിട്ടും തിരിച്ചുവരുന്നതുമാണ്.

കീമോതെറാപ്പിക്ക് പുറമെ, ഇന്നത്തെ കാലത്തു ടാർഗെറ്റെഡ് തെറാപ്പി, മോണോക്ലോണൽ ആന്റിബോഡി, ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സകളും ബ്രെസ്റ്റ്കാൻസർ മേഖലകളിൽ വന്നു കഴിഞ്ഞു. ഇതിന് പുറമെ ഗുളിക രൂപത്തിൽ ഹോർമോണൽ തെറാപ്പിയും ലഭ്യമാണ്.

കഴിഞ്ഞ ഒരു ഇരുപത് വർഷത്തെ ഗവേഷണ പുരോഗതി വച്ച് നോക്കി കഴിഞ്ഞാൽ, ബ്രെസ്റ്റ്കാൻസറിൽ വന്നിട്ടുള്ള പുരോഗതി മറ്റൊന്നിലും വന്നിട്ടില്ല. ഇപ്പോൾ ബ്രെസ്റ്റ് കാൻസറിന്റെശരാശരി ഗുണപ്പെടുന്ന ശതമാനം 80% മുതൽ 90% വരെ എത്തിക്കഴിഞ്ഞു.

അപ്പോൾ സംശയം ഉണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള ഡോക്ടറെ ബന്ധപ്പെടുകയും ,നേരത്തെയുള്ള സ്റ്റേജിൽ കണ്ടുപിടിക്കാൻ ശ്രമിക്കുകയും , കണ്ടുപിടിച്ചാൽ തീർച്ചയായും അതിനുവേണ്ടി ചികിത്സ എടുക്കുകയും വേണം. കാരണം അത്രയും ഗുണപ്പെടുന്ന ഒരു കാൻസർ ആയിട്ട് മാറിയിരിക്കുകയാണ് സ്തനാർബുദം.

 
ഡോ.പ്രശാന്ത് പരമേശ്വരൻ